

എറണാകുളം: പിറവത്ത് ഉണ്ടായ വാഹനാപകടത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പിറവം സ്വദേശിനിയായ സീമ മനോജ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ പിറവത്തെ കരവട്ടെ കുരിശിലായിരുന്നു അപകടം സംഭവിച്ചത്. സീമ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സീമയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി വൈകിയായിരുന്നു മരണം സംഭവിച്ചത്.
പിറവത്തെ ഒരു മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നു മരിച്ച സീമ. ജോലി കഴിഞ്ഞ് രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതി അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.





