

എറണാകുളം: എറണാകുളത്ത് എടത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന നാല് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം ഇന്നലെ വൈകുന്നേരം ഏകദേശം 7 മണിയോടെയാണ്. എടത്തല കുഴിക്കാട്ട് ജുമാ മസ്ജീദിന് മുന്നിൽ വെച്ചായിരുന്നു അപകടം. കളമശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്.


കാറിന്റെ പിൻഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത് പിന്നാലെ വന്ന ഇരുചക്രവാഹന യാത്രക്കാരാണ്. ഇവർ ഉടൻതന്നെ കാറിലുണ്ടായിരുന്നവർക്ക് വിവരം കൈമാറി.
സഹായം ലഭിച്ച ഉടൻതന്നെ കാറിലുണ്ടായിരുന്ന നാല് പേരും പുറത്തിറങ്ങി. യാത്രക്കാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കാർ പൂർണമായും തീ ആളിക്കത്തി നശിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീ അണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചിരുന്നു.





