

കോലഞ്ചേരി: സമഗ്ര ശിക്ഷാ കേരളം (എസ്. എസ്. കെ) എറണാകുളം, ബി. ആർ. സി കോലഞ്ചേരിയുടെ നേതൃത്വത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുമായി (കുസാറ്റ്) ചേർന്ന് നടത്തുന്ന “സ്ട്രീം തനത്” പ്രൊജക്റ്റുകൾക്ക് തുടക്കമായി. പൊതുവിദ്യാലയങ്ങളിലെ 8, 9 ക്ലാസ്സുകളിലെ കുട്ടികളിൽ ഗവേഷണാത്മക പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബിൾ ജോർജ്ജ് നിർവഹിച്ചു.


കോലഞ്ചേരി ബി. ആർ. സി ട്രെയിനർ ഏലിയാസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ, ബി. പി. സി ഡാൽമിയ തങ്കപ്പൻ പദ്ധതിയുടെ വിശദീകരണം നടത്തി. തുടർന്ന് കുട്ടികൾക്കായി വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ നടന്നു. 8-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള വിഷയം: “കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രാദേശിക പരിഹാരങ്ങളും – ഒരു അന്വേഷണ പഠനം.” ഈ വിഷയത്തിൽ റിട്ടയേർഡ് അഡീഷണൽ ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ ലാലി കെ. എസ്. ക്ലാസ് നയിച്ചു.


9-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള വിഷയം: “പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ബദൽ മാർഗങ്ങളും സാധ്യതകളും – ഒരു അന്വേഷണ പഠനം.” തുരുത്തിക്കര സയൻസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ തങ്കച്ചൻ പി. എ. ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ഗവേഷണത്തിലൂടെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തനത് പ്രൊജക്റ്റുകൾക്ക് രൂപം നൽകിയിരിക്കുന്നത്.



