കനത്ത മഴ : ഇന്ദ്രാൻചിറയുടെ വശങ്ങൾ ഇടിയുന്നു




മഴ കനത്തതോടെ കോലഞ്ചേരിയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഇന്ദ്രാൻചിറയുടെ വശങ്ങൾ ഇടിയുന്നു. പടിഞ്ഞാറ് ഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിന്റെ ചിറയുടെ വശങ്ങളാണ് അടിവശത്തെ മണ്ണ് താഴ്ന്ന് ഏകദേശം 20 മീറ്ററോളം കരിങ്കൽ കെട്ടുകൾ അടക്കം ഇടിഞ്ഞു താഴ്ന്നത്.
ദിനംപ്രതി ധാരാളം സന്ദർശകരെത്തുന്ന ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗമാണ് അപകടാവസ്ഥയിലായത്.
ചിറയോട് ചേർന്ന് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ ഉയരം കൂടിയ ഭാഗത്ത് നിന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതും ചിറയുടെ അതിരുകളുടെ ബലക്ഷയത്തിന് കാരണമാകാമെന്നും നാട്ടുകാർ പറയുന്നു.
ഇതോടെ ചിറയുടെ ചുറ്റുമുള്ള വശങ്ങളുടെ കെട്ടുറപ്പ് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ഇന്ദ്രാൻചിറയും അനുബന്ധ ടൂറിസം പദ്ധതിയും നിലവിൽ സമീപത്തുള്ള ബ്രൂക്സൈഡ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുവാൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളായിട്ടുള്ളു. നിരവധി ടൂറിസം പ്രോജക്ടുകളാണ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്.
ചിറയിലെ പായലുകൾ ഇതിനോടകം കോരി നീക്കം ചെയ്ത് ഇവിടെയുള്ള കുട്ടികളുടെ പാർക്ക് നവീകരിച്ച് ഉപയോഗപ്രദമാക്കിയതോടെ നിരവധി സന്ദർശകരാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.