KERALA
കിഴക്കമ്പലത്ത് ഇടിമിന്നലിൽ വീടിന് തീപിടിച്ചു




തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും കിഴക്കമ്പലത്ത് വീടിന് തീപിടിച്ചു.ഊരക്കാട് മുട്ടവൻചേരി വർഗ്ഗീസിന്റെ വീടിനാണ് തീ പിടിച്ചത്.വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലെ കട്ടിലും ബെഡും കത്തി നശിച്ചു. ഇടിമിന്നലിന് ശേഷം വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട കുട്ടികൾ അയൽക്കാരെ അറിയിക്കുകയായിരുന്നു. ആർക്കും പരിക്കുകളില്ല.
വാതിൽ, ജനൽ എന്നിവയ്ക്കും തീപിടിച്ചിരുന്നു. ശക്തമായ പുക കാരണം നാട്ടുകാർക്ക് വീട്ടിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ കെ.എം.ശ്യാംജി, വി. വൈ. ഷമീർ, ദീപേഷ് ദിവാകരൻ, ആർ.രതീഷ്, ജെ.എം. ജയേഷ്, എസ്.അനിൽകുമാർ, കെ.കെ.രാജു എന്നിവർ ചേർന്ന് തീ അണച്ച് രക്ഷാപ്രവർത്തനം നടത്തി.