ഐടിക്കാർക്ക് മുട്ടൻ പണിയുമായി ബാംഗ്ലൂർ പോലീസ് ; റോഡിൽ അഭ്യാസം കാണിച്ചാൽ ഇനി ജോലിസ്ഥലത്ത് എട്ടിന്റെ പണി


കർണാടകയിൽ പുതിയതായി പരീക്ഷിച്ചു വരുന്ന ഒരു സംവിധാനമാണ് ഇത്. റോഡിൽ അഭ്യാസം കാണിക്കുന്നവർക്കുള്ള പണി സ്വന്തം ജോലി സ്ഥാപനത്തിൽ എത്തിക്കുക എന്നുള്ളത്. ഓഫീസിൽ സമയത്തിന് എത്താൻ വേണ്ടി ചെറിയ ചെറിയ നിയമ ലംഘനങ്ങൾ നടത്തുന്നവർക്കുള്ള പിഴയുടെ ചെല്ലാൻ ഓഫീസിൽ ചീഫ് തന്നെ കയ്യിൽ തരും. ബാംഗ്ലൂർ പോലീസാണ് ഈ പദ്ധതിക്ക് ചട്ടം കൂട്ടുന്നത്.


ഈ രീതി ആദ്യം പരീക്ഷിക്കുക ഐടി കമ്പനി ജീവനക്കാരുടെ ഇടയിലാണ്. ഐടി കമ്പനി ജോലിക്കാരാണ് നിയമം തെറ്റിക്കുന്നതെങ്കിൽ വാഹന ഉടമസ്ഥന്റെ ജോലി സ്ഥലത്തേക്ക് ഇ-മെയിലിലൂടെ വിവരങ്ങൾ കൈമാറും. ഈ പദ്ധതി ആദ്യം നടപ്പിലാക്കുക ഐ.ടി.ജീവനക്കാർ കൂടുതലുള്ള ഔട്ടർ റിങ് റോഡ് ,വൈറ്റ് ഫീൽഡ് എന്നിവിടങ്ങളിലായിരിക്കും .
പരീക്ഷണാർദ്ധം നടപ്പിലാക്കുന്ന ഈ പദ്ധതി വിജയകരമെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്കും ഈ രീതി വ്യാപിപ്പിക്കും.റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഔട്ടർ റിങ് റോഡും വൈറ്റ് ഫീൽഡും ,ഈയിടങ്ങളിൽ ആണ് കൂടുതൽഅപകടങ്ങൾ നടക്കുന്നത്. നിയമലംഘനം നടത്തുന്നവരുടെ ജോലി സ്ഥലത്തേക്ക് ഇ-മെയിൽ മുഖേന ആയിരിക്കും വിവരങ്ങൾ കൈമാറുക. ഇത്തരത്തിൽ ഈമെയിലൂടെ ജോലി സ്ഥലത്തേക്ക് വിവരങ്ങൾ കൈമാറും എന്നതുകൊണ്ടുതന്നെ ബോധപൂർവ്വമായ നിയമലംഘനങ്ങളിൽ നിന്നും ഭൂരിഭാഗം പേരും പിന്മാറും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ വളരെ കുറഞ്ഞതാണെന്നും ആരോപണം ഉയർന്നിരുന്നു.ഗതാഗത നിയമം ലംഘിച്ചാലും കുറഞ്ഞ പിഴ മാത്രമേ ലഭിക്കുവെന്നുള്ളതിനാൽ പലരും നിയമം ലംഘിക്കാൻ സാധ്യത ഉണ്ടായിരുന്നു. പുതിയ സംവിധാനം വരുന്നതോടെ ഇതിന് മാറ്റം വരുമെന്നാണ് അധികൃതർ പറയുന്നത്.