പിഴകുടിശ്ശിക അടച്ചില്ല.കറുകപ്പിള്ളി ജലസേചനപദ്ധതിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി






ജലസേചന വകുപ്പ് കെട്ടിവയ്ക്കേണ്ട പിഴകുടിശ്ശിക അടയ്ക്കാത്തതിനാൽ KSEB കറുകപ്പിള്ളി ജലസേചനപദ്ധതിയുടെ ഫ്യൂസ് ഊരി. മുവാറ്റുപുഴയാറിന് തീരത്ത് സ്ഥാപിച്ചിരിക്കുന്ന പൂത്തൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളി ചെറുകിട ജലസേചന പദ്ധതിയുടെ വൈദ്യുതിയാണ് രണ്ടാഴ്ച്ച മുൻപ് കെഎസ്ഇബി വിച്ഛേദിച്ചത് . ഇത് മൂലം പൂത്തൃക്ക ഐക്കരനാട്, പ്രദേശങ്ങളിലേയ്ക്കുള്ള പമ്പിംഗ് അവതാളത്തിലായിരിക്കുകയാണ്.


പലപ്രദേശങ്ങളിലും വെള്ളമെത്തിയിട്ട് ദിവസങ്ങളായി.മഴയുടെ ലഭ്യത കുറഞ്ഞതോടെ കൃഷിയിടങ്ങൾ വരണ്ട അവസ്ഥയിലാണ്. കാർഷീക വിളകൾ ഉണങ്ങി നശിക്കുന്ന സ്ഥിതിയിൽ എത്തിയെന്നും കർഷകർ ആശങ്കപ്പെടുന്നു.
ജലസേചന വകുപ്പിനാണ് ഇക്കാര്യത്തിൽ വീഴ്ച്ച സംഭവിച്ചിരിക്കുന്നതെന്നും പിഴക്കുടിശിഖമാത്രമാണ് അടയ്ക്കാനുള്ളതെന്നും ഇത് നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്നുമാണ് കെസ്ഇബിയുടെ വിശദീകരണം.
120 എച്ച്പി മുതലുള്ള രണ്ട് മോട്ടോറുകൾ തുടർച്ചയായി 20 മണിക്കൂറെങ്കിലും പമ്പ് ചെയ്താലേ വെള്ളം എല്ലായിടത്തും എത്തുകയുള്ളു.ചെറിയ കനാൽ വഴിയാണ് ഓരോ പ്രദേശത്തും വെള്ളമെത്തിക്കുന്നത്. കെഎസ്ഇബിയുടെ നടപടിയിൽ സർക്കാർ ഉടൻ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും കർഷക സംരക്ഷണ സംഘം ഭാരവാഹികൾ അറിയിച്ചു.

