എംഎൽഎയും പഞ്ചായത്തംഗവും ആദ്യകളിക്കാരായി റങ്ങി.ഗാന്ധിഗ്രാം കോളനിക്കാരുടെ സ്റ്റേഡിയമെന്ന സ്വപ്നം യാഥാർത്ഥ്യമായി




കോലഞ്ചേരി: എം.എൽ.എ.യും പഞ്ചായത്തംഗവും അണിനിരന്ന ബാഡ്മിൻ്റൺ പോരാട്ടത്തോടെ ഗാന്ധിഗ്രാം കോളനിക്കാരുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു. ഉൽഘാടകനായെത്തിയ പി.വി.ശ്രീനിജിൻ എം.എൽ.എയും അതിഥിയായെത്തിയ മഴുവന്നൂർ ഗ്രാമപഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയും തമ്മിലാണ് ബാഡ്മിൻ്റൺ പോരാട്ടം കാഴ്ചവച്ചത്. നിർമ്മാണം പൂർത്തിയാക്കിയ മഴുവന്നുർ പഞ്ചായത്തിലെ വീട്ടൂർ ഗാന്ധിഗ്രാം കോളനിയിലെ ബാഡ്മിൻ്റൺ കോർട്ട്, ഓപ്പൺ സ്റ്റേഡിയമുൾപ്പെടെയുള്ളവയുടെ ഉദ്ഘാടന വേദിയാണ് ജനപ്രതിനിധികളുടെ സൗഹൃദ മത്സരത്തിന് വേദിയായത്. പട്ടികജാതി വികസന വകുപ്പിൽ നിന്ന് അനുവദിച്ച 50 ലക്ഷം മുടക്കിയാണ് സ്റ്റേഡിയം പൂർത്തിയാക്കിയത്.സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം പി.വി.ശ്രീനിജിൻ എം.എൽ എ.നിർവഹിച്ചു. കുന്നത്തുനാട്ടിലെ കോളനികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി.എൻ സാജു ,ദിനേശ് ടി.സി, സി.കെ വീരാൻ, മനു മാധവൻ, ജില്ലാ പട്ടികജാതി വികസന ഓഫീസ് സൂപ്രണ്ട് ജെയിംസ് ,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സോഫിയമോൾ എസ്, നിർമ്മിതി കേന്ദ്ര പ്രൊജക്ട് മാനേജർ ജെയിസൺ ജോസഫ്, ഓവർസിയർ ബിജി ടി.വി മോണിറ്ററിങ്ങ് കമ്മറ്റിയംഗം അംബിക ശശി,കോൺട്രാക്ടർ എൽദോ ഏലിയാസ് എന്നിവർ സംസാരിച്ചു.കോളനിയുടെ അകത്തുള്ള ഒരേക്കർ സ്ഥലത്താണ് ഓപ്പൺ സ്റ്റേഡിയം, ബാഡ്മിൻ്റൺ കോർട്ട്, വാക്ക് വേ,ഓഫീസ് റൂം, ടോയ്ലറ്റ് എന്നിവയടക്കം നിർമ്മാണം പൂർത്തിയാക്കിയത്.സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പല വട്ടം മുടങ്ങി കിടന്ന പദ്ധതി പി വി.ശ്രീനിജിൻ എം.എൽ എ യുടെ ഇടപെടലിനെ തുടർന്നാണ് വേഗത്തിലായത്.