മണിപ്പുര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; 27-ന് എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ


തിരുവനന്തപുരം: കലാപബാധിതമായ മണിപ്പുര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ജൂലായ് 27-ന് രാവിലെ പത്തുമുതല്‍ രണ്ട് വരെയാണ് കൂട്ടായ്മ. പ്രതിഷേധത്തില്‍ ആയിരങ്ങളെ അണിനിരത്തുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് അറിയിച്ചു.
കൂട്ടായ്മയ്ക്ക് മുന്നോടിയായി ഞായറാഴ്ച എല്ലാ ജില്ലയിലും എല്‍.ഡി.എഫ്. യോഗംചേരും. 24-ന് മണ്ഡലം കമ്മിറ്റിയോഗം നടക്കും. സ്ത്രീ സംരക്ഷണം ഉറപ്പുവരുത്താനുള്ള ജനകീയ കൂട്ടായ്മയാണിതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞു. കേരളജനതയുടെ പ്രതിഷേധം ഉയര്‍ത്തുന്ന വലിയ സമരമായിരിക്കും എല്‍.ഡി.എഫിന്റേതെന്ന് അറിയിച്ച ഇ.പി. ജയരാജന് കൂട്ടായ്മക്ക് ജനങ്ങളുടെ സഹകരണവും അഭ്യര്‍ഥിച്ചു.
‘ഇന്ത്യ ലോകത്തിന് മുന്നില്‍ അപമാനിതരായിക്കൊണ്ടിരിക്കുകയാണ്. മണിപ്പുരിലെ കലാപം എത്രയോ പേരുടെ ജീവന് അപഹരിച്ചു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കാര്യം ഏത് മനുഷ്യമനഃസാക്ഷിയേയും ഞെട്ടിക്കുന്നതാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുക, കൂട്ടബലാത്സംഗം ചെയ്യുക, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുക, പ്രതിരോധിക്കുന്നവരെ ചുട്ടും തല്ലിയും വെട്ടിയും കൊല്ലുക. ചെറിയ ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയാണ് മണിപ്പുരിലെ ബി.ജെ.പി. സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്ത സംസ്ഥാന ഭരണമാണ് മണിപ്പുരിലുള്ളത്. അവരുടെ എല്ലാ ജനവിരുദ്ധ നയങ്ങളേയും അങ്ങേയറ്റം സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്രയും ഭീകരമായ അവസ്ഥ മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല’, ഇ.പി. ജയരാജന് പറഞ്ഞു.