

കൊച്ചി: നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ തൈക്കൂടം വൈറ്റില-അരൂർ ദേശീയപാതയ്ക്ക് സമീപം മരം കടപുഴകി വീണ് ട്രാൻസ്ഫോർമർ പൂർണമായും തകർന്നു. ഇന്നലെ വൈകിട്ട് ഏകദേശം ആറരയോടെയാണ് യാക്കൂബ് സ്ലീഹ സർവീസ് റോഡിനെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്.


ശക്തമായ കാറ്റിലും മഴയിലും ഒരു വലിയ മരം വേരോടെ പിഴുത് റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ മരം നേരിട്ട് വൈദ്യുത കമ്പികളിലേക്ക് വീഴുകയും, അതിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ട്രാൻസ്ഫോർമർ നിലംപൊത്തുകയും ചെയ്തു. മരം വീണതിന് പിന്നാലെ വലിയ ശബ്ദത്തോടെയാണ് ട്രാൻസ്ഫോർമർ തകർന്നുവീണതെന്ന് പ്രദേശവാസികൾ പറയുന്നു. അപകടസമയത്ത് ട്രാൻസ്ഫോർമറിന് സമീപം ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് സമീപവാസികൾ. ട്രാൻസ്ഫോർമറിന് സമീപത്തെ വീട്ടുകാർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മരം വീണതോടെ ആ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചതോടെ പരിസരവാസികൾ ദുരിതത്തിലായി. അപകടം നടന്ന് ഏറെ സമയം കഴിഞ്ഞിട്ടും, ട്രാൻസ്ഫോർമറും വൈദ്യുത കമ്പികളും ഇപ്പോഴും റോഡിൽ നിന്ന് പൂർണ്ണമായി നീക്കം ചെയ്തിട്ടില്ല. ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയുയർത്തുന്നുണ്ട്. എത്രയും പെട്ടെന്ന് തകർന്ന ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.





