ആലുവയിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു.നാലുപേർക്ക് പരിക്കേറ്റു




ആലുവ പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ മഹിളാലയം ഫാത്തിമ ഐ കെയർ ആശുപത്രിക്ക് സമീപം വാഹന അപകടം.നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.തോട്ടുമുഖം ഭാഗത്തുനിന്ന് വന്ന ഇരുചക്രവാഹനം ഫാത്തിമ ഐ കെയർ ഭാഗത്തേക്ക് പെട്ടെന്ന് തിരിയാൻ ശ്രമിക്കവെ പിറകെ വന്ന മിനി പാഴ്സൽ ലോറി നിയന്ത്രണം വിട്ട് ഫാത്തിമ ഐ കെയറിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. മുന്നിലുണ്ടായിരുന്നു ഇരുചക്രവാഹനം ലോറിയുടെ അടിയിൽ പെടുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഒരു ബുള്ളറ്റും അപകടത്തിൽപ്പെട്ടു. വൈകിട്ട് 4.30 യോടെയാണ് സംഭവം.അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.


ഫാത്തിമ ഐ കെയർ ആശുപത്രി ഭാഗത്ത് നിന്ന് റോഡിലേക്ക് ഇറങ്ങിവരികയായിരുന്ന രണ്ട് സ്ത്രീകൾക്കും ഇരുചക്രവാഹനം ഓടിച്ചിരുന്ന ഒരാൾക്കും പാഴ്സൽ ലോറി ഓടിച്ചിരുന്ന അത്താണി സ്വദേശി ഷിബുവിനും പരിക്കുണ്ട്.ഇരുചക്ര വാഹനം ഓടിച്ചിരുന്ന ആളുടെ പരിക്ക് ഗുരുതരമാണ്.അപകടത്തെ തുടർന്ന് കുറേസമയം ആലുവ പെരുമ്പാവൂർ റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.പിന്നീട് 6:00 മണിയോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം പൊക്കി മാറ്റിയതിനുശേഷം ആണ് ഗതാഗതം പൂർണതോതിൽ ആയത്.