

തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് മൂവാറ്റുപുഴയിൽ അപകടം. ഇന്ന് പുലർച്ചെ രണ്ട് അരയോടെ തൃക്കളത്തൂരിൽ വെച്ചാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് പിന്നിൽ സ്റ്റീൽ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ലോറി ഡ്രൈവർക്കും ബസിലുണ്ടായിരുന്ന രണ്ട് തീർത്ഥാടകർക്കും പരുക്കേറ്റു. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് മുന്നോട്ട് നീങ്ങി ഒരു കാറിലും തുടർന്ന് സമീപത്തെ കെഎസ്ഇബി പോസ്റ്റിലും ഇടിച്ചാണ് നിന്നത്.


ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിലുണ്ടായിരുന്ന അയ്യപ്പഭക്തർക്ക് നിസ്സാര പരുക്കുകളാണ്. അപകടം നടന്ന ഉടൻ തന്നെ ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





