അധ്യാപകർക്ക് യാത്രയയപ്പ് നൽകി കെ. പി. എസ്.ടി.എ




കെപിഎസ്ടിഎ കോലഞ്ചേരി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കോലഞ്ചേരി ഗവ. എൽ.പി. സ്ക്കൂളിൽ വച്ച് നടത്തപ്പെട്ട സമ്മേളനം എഐസിസി മെമ്പറും വീക്ഷണം ദിനപത്രത്തിന്റെ എം.ഡി. യുമായ അഡ്വ. ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഏത് സാഹചര്യത്തിലും അധ്യാപകപക്ഷ നിലപാടുമായി മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കെ.പി.എസ്.ടി.എ യുടെ പ്രവർത്തനങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞ് അഭിനന്ദിച്ചു. കവർന്നെടുത്ത അവകാശങ്ങൾക്കു വേണ്ടിയുള്ള സംഘടനയുടെ സമരപോരാട്ടങ്ങളിലാണ് ഇന്നത്തെ അധ്യാപക സമൂഹത്തിന്റെ പ്രതീക്ഷയെന്നും ആ പോരാട്ടങ്ങൾക്ക് മാതൃ സംഘടനയായ കോൺഗ്രസിന്റെ എല്ലാ വിധ പിന്തുണയും എഐസിസി മെമ്പർ കൂടിയായ അഡ്വ. ജയ്സൺ ജോസഫ് അറിയിക്കുകയും ചെയ്തു.


ഉപജില്ല പ്രസിഡന്റ് എം.യു. ജോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സി.പി. ജോയി, കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ഡി.സി.സി. സെക്രട്ടറി സുജിത് പോൾ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജയിംസ് പാറേക്കാട്ടിൽ, മുൻ ജില്ലാ പ്രസിഡന്റ് ബേബി അറയ്ക്കൽ, കെജിപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് കെ.വി.എൽദോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
അധ്യാപനരംഗത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കുര്യാക്കോസ് ടി. ഐസക് , പി.കെ. ദേവരാജൻ . കെ.വൈ. ജോഷി, സാബു വർഗീസ്, പി.വി. ജേക്കബ്, ബാബു വർഗീസ്, അന്നു കുര്യാക്കോസ്, ബിനി പോൾ , മേരി ജോൺ , ഏലിയാമ്മ എം.കെ., അനിത തോമസ്, ലിസ്സി കെ.പി., ബീന പോൾ എന്നീ അധ്യാപക ശ്രേഷ്ഠർക്കാണ് യാത്രയയപ്പ് ഒരുക്കിയത്. അധ്യാപന രംഗത്തും സംഘടനാ രംഗത്തും മാതൃകാ പരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച അധ്യാപകരാണ് വിരമിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് രഞ്ജിത് മാത്യു യാത്രയയപ്പ് സന്ദേശത്തിൽ സൂചിപ്പിച്ചു.


സംഘടന ഒരുക്കിയ യാത്രയയപ്പ് ചടങ്ങിന് നന്ദി പറഞ്ഞു കൊണ്ട് വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിനു കുര്യാക്കോസ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം ബിജു വർഗീസ് ചടങ്ങിന് നന്ദിയും പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ജോബിൻ പോൾ വർഗീസ്, വിദ്യാഭ്യാസ ജില്ല ഭാരവാഹികളായ ഷിബു ജോർജ് , ഹവ്വാബി , ഉപജില്ലാ ഭാരവാഹികളായ ബേസിൽ തമ്പി , ബേസിൽ ജോയി, ദിനു മാത്യു എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.