കഥകളി സംഗീതജ്ഞൻ ചേർത്തല തങ്കപ്പ പണിക്കർ നിര്യാതനായി




മുവാറ്റുപുഴ: പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്‌വിഹാറിൽ ചേർത്തല തങ്കപ്പ പണിക്കർ(കഥകളി സംഗീതജ്ഞൻ) നിര്യാതനായി.
ഭാര്യ വിലാസിനി കുഞ്ഞമ്മ,മക്കൾ രാജ് ഗോപാൽ ,രാജേശ്വരി.
മരുമകൻ പി കൃഷ്ണകുമാർ.
ചേർത്തല തങ്കപ്പപ്പണിക്കർ
ജനനം : 1927 നവംബറിൽ ചേർത്തലയിൽ
അച്ഛൻ : വാസുദേവപ്പണിക്കർ
അമ്മ : നാണിയമ്മ
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സംസ്കൃതം പഠിച്ചു. (ശാസ്ത്രി). തുടർന്ന് കഥകളി സംഗീതാധ്യയനം തുടങ്ങി. തകഴി കുട്ടൻപിള്ള, ചേർത്തല കുട്ടപ്പക്കുറുപ്പ്, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ എന്നിവരാണ് ഗുരുനാഥന്മാർ. മരുത്തോർവട്ടം രാമചന്ദ്രൻ പോറ്റി, ഏഴിക്കര രാമദാസ് എന്നിവരിൽ നിന്ന് ശാസ്ത്രീയസംഗീതവും അഭ്യസിച്ചു. 1956-ൽ പേരൂർ ഗാന്ധി സേവാസദനം അക്കാദമിയിലെ കഥകളി സംഗീത അധ്യാപകനായി.
1962-ൽ തൃപ്പൂണിത്തുറ ഗവ: R.L.V. അക്കാദമിയിൽ സംഗീതാധ്യാപകനായി. 1983-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു.
കലാസപര്യക്കിടയിൽ നിരവധി പൊന്നാടകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1961-ൽ ഡൽഹി ഇന്റർനാഷണൽ കഥകളി സെന്ററിന്റെ തങ്കമുദ്ര, 1993-ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്, 2000-ൽ ശ്രീ പൂർണത്രയ കഥകളി സംഗീത കലാകൗസ്തുഭം. 2002-ൽ കേരള കലാമണ്ഡലം അവാർഡ്, 2003-ൽ സദനം കഥകളി അക്കാദമി ഗോൾഡൻ ജൂബിലി അവാർഡ്, 2004-ൽ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക അവാർഡ്, 2009-ൽ തകഴി കെ. മാധവക്കുറുപ്പ് സ്മാരക അവാർഡ്, കോട്ടയം കളിയരങ്ങിന്റെ കലാമണ്ഡലം ഹൈദരലി സ്മാരക അവാർഡ്, 2012-ൽ കലാമണ്ഡലം കരുണാകരൻ സ്മാരക അവാർഡ്, 2013-ൽ ഉണ്ണായിവാര്യർ പുരസ്ക്കാരം, ദുബായ് അരങ്ങിന്റെ പുരസ്കാരം, 2014-ൽ മാതാ അമൃതാനന്ദമയി ദേവി യുടെ പിതാവ് ഇടമണ്ണേൽ വി. സുഗുണാനന്ദൻ സ്മാരക പുരസ്കാരം, 2015-ൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക പുരസ്കാരം, 2016-ൽ കാലാമണ്ഡലം അപ്പു ക്കൂട്ട പൊതുവാൾ മെമ്മോറിയൽ ട്രസ്റ്റ് അവാർഡ്, 2017-ൽ കോട്ടക്കൽ പരമേശ്വരൻ നമ്പൂതിരി സ്മാരക ഗുരദക്ഷിണ പുരസ്കാരം, ശങ്കരാദരണം സംഘാടകസമിതിയുടെ കലാമണ്ഡലം ഹൈദരാലി സ്മാരക ഗുരു പുരസ്കാരം. 2018-ൽ കലാമണ്ഡലം രാജൻ മാസ്റ്റർ പുരസ്കാരം, 2019-ൽ തൃശ്ശൂർ സഹൃദയവേദി പുരസ്കാരം, 2020 ൽ സതി വർമ്മ മെമ്മോറിയൽ പുരസ്കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, 2022ൽ പറവൂർ കളിയരങ്ങിന്റെ കളിയച്ചൻ പുരസ്കാരം, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ഇങ്ങനെ നിരവധി പാരിതോഷികങ്ങൾ ലഭിച്ചു. 45 വർഷം ആകാശവാ ലണിയിൽ പരിപാടികൾ അവതരിപ്പിച്ചു.
തെക്കൻ, വടക്കൻ ചിട്ടകളിൽ പാടാനറിയും. നാൽപ്പത്തഞ്ചോളം ആട്ടക്കഥകൾ മുഴുവനറിയാം.
കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, പള്ളിപ്പുറം ഗോപാലൻ നായർ, ഗുരു കുഞ്ചുക്കുറുപ്പ് മുതൽ ഇന്നത്തെ യുവകലാകാരന്മാരുടെ വരെ പ്രധാന പിന്നണി ഗായകനായി പ്രവർത്തിച്ചിട്ടുണ്ട്.