KERALA

തിരുവാണിയൂർ ഗ്രാമപഞ്ചായത്തിന് ആരോഗ്യ മേഖലയിൽ ദേശീയതലത്തിൽ അംഗീകാരം

കോലഞ്ചേരി: തിരുവാണിയൂർ ഗ്രാമപഞ്ചായത്തിന് ആരോഗ്യ മേഖലയിൽ ദേശീയതലത്തിൽ അംഗീകാരം.

പഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്‌പെൻസറിക്കാണ് ദേശിയ അംഗീകാരം ലഭിച്ചത്.

തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ ഉദ്യോഗസ്ഥരുടെയും ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടർ തുടങ്ങിയവരുടെയും സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ കൈയ്യിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ആർ പ്രകാശ് , മെഡിക്കൽ ഓഫീസർ ഡോക്ടർ രഹന, വൈസ് പ്രസിഡണ്ട് ഷീജ വിശ്വനാഥൻ,ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സിന്ധു കൃഷ്ണകുമാർ, ക്ഷേമകാര്യ ചെയർമാൻ ടി വൈ റെജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

നാഷണൽ അക്രെഡിറ്റേഷൻ ബോർഡ്‌ ഓഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത്‌ കെയർ പ്രൊവൈഡേഴ്‌സ് (എൻ. എ. ബി. എച്ച് ) എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് സ്ഥാപനത്തിന് ലഭിച്ചത്.

സർക്കാർ മേഖലയിൽ ആയുഷിന്റെ കീഴിൽ വരുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ഈ അംഗീകാരം ലഭിക്കുന്നത്. രോഗികൾക്ക് സൗകര്യം ഒരുക്കുന്നതിൽ മികവ് പുലർത്തിയതിനാണ് അവാർഡ്. മികച്ച സേവനങ്ങളുമായി നേരത്തെ തന്നെ ശ്രദ്ധേയമാണ് മോനപ്പിള്ളി ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി.

നിലവിൽ നൂതന പദ്ധതിയായി വന്ധ്യത ചികിത്സ ,സൗജന്യ യോഗ പരിശീലനം, ജീവിതശൈലി രോഗക്ലിനിക്, വയോരക്ഷ എന്നീ പദ്ധതികളും സ്ഥാപനത്തിൽ നടന്നു വരുന്നു. മെഡിക്കൽ ഓഫീസർ ഡോ രഹനയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. 2000 സ്ക്വയർ ഫീറ്റിനടുത്ത് വിസ്തീർണ്ണം ഉള്ള കെട്ടിടത്തിലാണ് ഹോമിയോ ക്ലിനിക് പ്രവർത്തിച്ചുവരുന്നത്.

തിരുവാണിയൂർ പഞ്ചായത്തിന്റെ ആരോഗ്യമേഖലയെ അംഗീകാരങ്ങൾ തേടിയെത്തുന്നത് ഇതാദ്യമല്ല. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തെത്താൻ C R പ്രകാശിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button