

മലയാറ്റൂരിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇന്നലെ വൈകീട്ടാണ് ചിത്ര പ്രിയയുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചിത്ര പ്രിയയെ കാണാനില്ല എന്ന് കാണിച്ച് പോലീസിന് പരാതി ലഭിച്ചത്. തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ചിത്ര പ്രിയയുടെ അമ്മയുടെ ജോലി സ്ഥലത്തെ ആളുകൾ ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തലയിലും ദേഹത്തും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതോടെ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു.


സംഭവവുമായി ബന്ധപ്പെട്ട് ചിത്ര പ്രിയയുടെ ആൺസുഹൃത്തായ അലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മദ്യലഹരിയിലാണ് താൻ കൃത്യം ചെയ്തതെന്നാണ് അലൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം ഇന്ന് 10 മണിക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ പോലീസ് തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ.





