സംസ്ഥാനത്ത് പരക്കെ മഴ തുടരും; ജാഗ്രത പാലിക്കണം


സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളോ ഓറഞ്ച്, യെല്ലോ അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.


പ്രധാനമായും ഉച്ചയ്ക്ക് ശേഷമായിരിക്കും മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയായിരിക്കും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുക. മലയോര മേഖലകളിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലെ സ്ഥിതി അല്പം മോശമായിരുന്നു. ഈ ജില്ലകളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.


അറബിക്കടലിൽ രൂപപ്പെട്ടേക്കാവുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികൾ അതീവ ശ്രദ്ധ പുലർത്തണം. മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം എന്നും മുന്നറിയിപ്പുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകി.





