

വരിക്കോലി : വരിക്കോലി സെന്റ് മേരീസ് പള്ളിക്ക് സമീപം ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികൾ ആശങ്കയിൽ. ദേശീയപാതയ്ക്ക് കുറുകെ പോകുന്ന കലുങ്കിനുള്ളിലാണ് ദിവസവും രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്.
രാത്രി 10 മണിക്കും വെളുപ്പിന് 3 മണിക്കും ഇടയിലുള്ള സമയത്താണ് കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. മാലിന്യം തള്ളുന്നത് കണ്ട് നേരിട്ടെത്തി പ്രതിഷേധിക്കാൻ ശ്രമിച്ച സമീപവാസികൾക്ക് നേരെ മാരകായുധങ്ങളുമായി വധഭീഷണി ഉയർത്തിയ സംഭവം ഉണ്ടായി. ഇതോടെ ജനങ്ങൾ ഭയത്തിലായിരിക്കുകയാണ്.


പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ ഭീഷണിയെത്തുടർന്ന് വരും ദിവസങ്ങളിലും ഇത് ആവർത്തിക്കുകയാണെങ്കിൽ സംഘടിതമായി എതിർക്കാനാണ് നാട്ടുകാരുടെ തീരുമാനം. ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നത് പതിവായത് ഈ പ്രദേശത്തെ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമാക്കുകയാണ്. അധികൃതർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.





