

വിട്ടുമാറാത്ത ചുമ, പിന്നാലെ പനിയും, കഴിഞ്ഞ രണ്ട്മൂന്ന് മാസങ്ങളായി രാജ്യത്ത് പലയിടത്തും ആളുകളെ ഈ ബുദ്ധിമുട്ടുകള്‍ അലട്ടുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3എന്‍2 ആണ് ഇതിന് കാരണമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറയുന്നത്. എന്നാല്‍ ചുമ, ജലദോഷം, ഛര്‍ദ്ദി എന്നിവ കൂടുമ്പോള്‍ യാതൊരു വേര്‍തിരിവും നോക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നിര്‍ദേശിച്ചു. സീസണല്‍ പനി ആണെങ്കില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കും. മൂന്നാം ദിവസം പിന്നിടുമ്പോള്‍ പനി കുറയുമെങ്കിലും മൂന്നാഴ്ച്ചയെങ്കിലും ചുമയടക്കമുള്ള മറ്റ് ബുദ്ധിമുട്ടുകള്‍ തുടരും. വായുമലിനീകരണം മൂലവും വൈറല്‍ രോഗങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുമൂലം പലര്‍ക്കും പനിയോടൊപ്പം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. 15വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അതേസമയം രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ മതിയെന്നും ആന്റിബയോട്ടിക്കുകള്‍ ശുപാര്‍ശ ചെയ്യരുതെന്നുമാണ് ഐഎംഎ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അസിത്രോമൈസിന്‍, അമോക്സിക്ലാവ് തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ കൃത്യമായ ഇടവേള ഇല്ലാതെപോലും പലരും കഴിക്കുന്നുണ്ട്. രോഗം ഒന്ന് കുറഞ്ഞെന്ന് തോന്നുമ്പോഴേക്കും ഇത് നിര്‍ത്തുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ആന്റിബയോട്ടിക് പ്രതിരോധത്തിന് കാരണമാകുന്നതിനാല്‍ ഇത് തടയണം. അല്ലാത്തപക്ഷം ആന്റിബയോട്ടിക് എടുത്തേ മതിയാകൂ എന്നൊരു സാഹചര്യം വരുമ്പോള്‍ മരുന്ന് ഫലിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും. ഐഎംഎ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ബാക്ടീരിയ മൂലമുള്ള അണുബാധയാണോ അല്ലയോ എന്ന് കൃത്യമായി പരിശോധിച്ചുറപ്പിച്ചതിന് ശേഷം മാത്രമേ ആന്റിബയോട്ടിക്കുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാവൂ എന്നാണ് ഐഎംഎയുടം നിര്‍ദേശം.