



കോലഞ്ചേരി: തമ്മാനിമറ്റത്ത് സ്വന്തം പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് ഡോക്ടർ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ കാട്ടുമറ്റത്തിൽ ഡോ. കെ.സി. ജോയ് (75) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തെ കിണർ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കിണർ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആൾമറയില്ലാത്ത കിണറായതിനാൽ അപകടത്തിന്റെ ആഘാതം വർധിച്ചു.
ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി അദ്ദേഹത്തെ കിണറ്റിൽ നിന്നും പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറെ ഉടൻ തന്നെ കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ എറണാകുളത്താണ് ഡോ. കെ.സി. ജോയ് താമസിക്കുന്നത്. റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യനാണദ്ദേഹം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.





